കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം; ചാവേര്‍ ആക്രമണമെന്ന് സൂചന

single-img
24 October 2022

കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന. കൊല്ലപ്പെട്ട ജിഎം നഗറിൽ താമസിക്കുന്ന ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമെന്ന് നിഗമനത്തിൽ പോലീസ് എത്തിയത്. ഇന്നലെ രാവിലെയാണ് കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.

2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള ആളാണ് മരിച്ച ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.

ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് ഡിജിപി പറഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ എന്നും സൂചന‌യുണ്ട്.