കെ ടി ജലീൽ ഒരു ഭീകരവാദിയാണെന്ന ഗോപാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല: വി ടി ബൽറാം

single-img
7 April 2023

മുൻ മന്ത്രി കെ ടി ജലീല്‍ എംഎൽഎ ഒരു ഭീകരവാദിയാണെന്ന ബിജെപി നേതാവ് എ എൻ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃത്താല മുൻ എംഎൽഎ വിടി ബല്‍റാം. ഒരു ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ കെടി ജലീലിനെ ഭീകരവാദിയെന്ന് വിളിച്ചെന്നാണ് ആരോപണം.

എന്നാൽ, കെടി ജലീല്‍ ഭീകരവാദിയാണെന്ന അഭിപ്രായത്തോട് യോജിക്കാന്‍ ത്യാനിക്ക് കഴിയില്ലെന്നും സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കണമെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

എന്റെ അയൽനാട്ടുകാരനും പത്ത് വർഷം നിയമസഭയിലെ സഹപ്രവർത്തകനുമായിരുന്ന ഡോ. കെ.ടി.ജലീൽ ഒരു “ഭീകരവാദി”യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല. അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതു പ്ലാറ്റ്ഫോമിൽ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ശ്രീ. ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ ഏതെങ്കിലും നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കിൽ അക്കാര്യത്തിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നു.

സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാൻ കേരള സർക്കാർ അതിനിരകളാകുന്ന പൗരർക്ക് പിന്തുണയും സഹായവും നൽകണം. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇക്കാര്യത്തിൽ ശ്രീ ജലീൽ തന്നെ മുൻകൈ എടുത്ത് മാതൃക കാട്ടണം.