ഇടതുമുന്നണിയുടെ അംഗീകാരം; സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ

single-img
10 November 2023

സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. ഈ മാസം ആരംഭിക്കുന്ന നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.

ഘടക കക്ഷികളിൽ നിന്നും കേരളാ കോണ്‍ഗ്രസ് (ബി) എംഎല്‍എ ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു. നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.