കെ റെയില്‍ പെട്ടിയില്‍ വെച്ചതുപോലെ ബഫര്‍ സോണും പെട്ടിയില്‍ വെപ്പിക്കും: രമേശ് ചെന്നിത്തല

single-img
20 December 2022

വിവാദമായ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം പ്രഹസനമാണെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗ തീരുമാനങ്ങല്‍ മല എലിയെ പ്രസവിച്ച പോലെയാണെന്നും ഏരിയല്‍ സര്‍വേ കൊണ്ട് കാര്യമില്ല. ഫീല്‍ഡ് സര്‍വേ പഞ്ചായത്തുകളുടെ സഹായത്തോടെ വേണം നടപ്പാക്കാന്‍. ഉപഗ്രഹ സര്‍വേ പൂര്‍ണമായി തള്ളിക്കളയണമെന്നും കോഴിക്കോട് കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സർക്കാരിനെക്കൊണ്ട് കെ റെയില്‍ പെട്ടിയില്‍ വെച്ചതുപോലെ ബഫര്‍ സോണും പെട്ടിയില്‍ വെപ്പിക്കുമെന്നും ചെന്നിത്തല വെല്ലുവിളിച്ചു. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പേകില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അവസാനം ഒരു കിലോമീറ്റര്‍ പിന്നോട്ട് പോകേണ്ടി വന്നു. അതുതന്നെയാണ് ഇനി ബഫര്‍ സോണിന്റെ കാര്യത്തിലും സംഭവിക്കുക. എന്ത് വില കൊടുത്തും കോണ്‍ഗ്രസ് കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

അതേസമയം, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വേ നടത്താനും വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനും ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി . രണ്ട് മാസത്തേക്കാണ് വിദഗ്ധ സമിതിയുടെ കാലാവധി നീട്ടുന്നത്. ഉപഗ്രഹ സര്‍വേയ്‌ക്കെതിരെ പരാതി നല്‍കാനുള്ള സമയപരിധി ജനുവരി അഞ്ചുവരെ നീട്ടുകയും ചെയ്തിട്ടുണ്ട്.