റിപ്ലബ്ലിക് ദിന പരേഡ്; ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ ഇത്തവണ സ്ത്രീകളും

single-img
30 December 2022

ഈ വർഷത്തെ റിപ്ലബ്ലിക് ദിന പരേഡിൽ ബിഎസ്എഫിന്റെ ഒട്ടക സവാരിക്കാരുടെ സംഘത്തിൽ സ്ത്രീകളും. രാജ്യത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. ജനുവരി 26ന് നടക്കുന്ന പരേഡിൽ പുരുഷ സൈനികർക്കൊപ്പം സ്ത്രീകളും ഉണ്ടാകും.

പ്രശസ്ത ഡിസൈനർ രാഘവേന്ദ്ര റാത്തോഡാണ് ഈ വനിതാ ഒട്ടക സവാരിക്കാരുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നാടോടി സംസ്‌കാരത്തിന്റെ ഒരു നേർക്കാഴ്ച്ച വസ്ത്രത്തിൽ കാണാനാകും. തലപ്പാവും വേഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 400 വര്ഷത്തിനുമേൽ പഴക്കമുള്ള ബനാറസ് സാങ്കേതികത ഉപയോഗിച്ചാണ് ഈ മുഴുവൻ വസ്ത്രവും നിർമ്മിച്ചിരിക്കുന്നത്.

ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗിന്റെ നിർദ്ദേശ പ്രകാരം 15 വനിതകൾക്ക് ക്യാമൽ സവാരി സംഘത്തിൽ ചേരാൻ പരിശീലനം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. സെപ്തംബർ 25 മുതൽ ഇതിനായുള്ള പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

1976 മുതൽ എല്ലാ വർഷവും ഒട്ടക സവാരിയുടെ ഒരു സംഘം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഒട്ടകങ്ങളെ പ്രവർത്തനപരമായും ആചാരപരമായും ഉപയോഗിക്കുന്ന രാജ്യത്തെ ഏക സേനയാണ് ബിഎസ്എഫ്.രാജസ്ഥാനിലെ താർ മരുഭൂമിയിൽ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ പട്രോളിംഗ് നടത്താൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഒട്ടകങ്ങളെ ഉപയോഗിക്കുന്നുണ്ട്.