ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ; റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

single-img
17 April 2024

വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഷോയിൽ ബ്രിന്ദ ഐഎന്‍എല്ലിന്റെ പച്ചക്കൊടിയാണ് ഉയര്‍ത്തിയത്.

പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ കൈയ്യില്‍ നിന്നും കൊടി വാങ്ങി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഘടക കക്ഷിയായ ഐ എൻ എല്ലിനെ ആദരിക്കാന്‍ വേണ്ടിയാണ് പച്ചക്കൊടി റാലി നടത്തിയതെന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ പ്രതികരിച്ചു.

ഫാസിസത്തിന് മുന്നില്‍ കൊടിമടക്കി കീശയില്‍ വെക്കാന്‍ പറയുന്നതല്ല ഇടതുരാഷ്ട്രീയം എന്നും ആനി രാജ പറഞ്ഞിരുന്നു. ബൃന്ദാ കാരാട്ടിന് പുറമെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

‘ഈ പച്ചക്കൊടി നിങ്ങള്‍ കാണുന്നില്ലേ?, ഇത് ഐഎന്‍എല്ലിന്റെ കൊടിയാണ്. ഐഎന്‍എല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന സഖ്യകക്ഷിയാണ്. ഇതിനൊപ്പം സിപിഐഎമ്മിന്റെയും സിപിഐയുടെയും ചെങ്കൊടിയുമുണ്ട്. അതാണ് ഞങ്ങളുടെ രാഷ്ട്രീയം’ ബൃന്ദാ കാരാട്ട് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള റോഡ് ഷോയില്‍ എന്തിനാണ് മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചതെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.