കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെന്നത് അമിത് ഷായുടെ പകല്‍ കിനാവാണ്: കെസി വേണുഗോപാല്‍

single-img
13 January 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം പലകാര്യങ്ങളും ഒളിച്ചുവെക്കുന്നുവെന്നും പ്രതികളായി വരേണ്ടവരെ രക്ഷപെടുത്താനുള്ള ശ്രമം എസ് ഐ ടിയുടെ ഭാഗത്ത് നിന്നുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പത്തനംതിട്ടയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയാകാണ്ടേവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് പോലെയാണ്. സ്വര്‍ണ്ണക്കൊള്ള നടത്തിയ അവസാനത്തെയാളും അകത്താകുന്നത് വരെ കോണ്‍ഗ്രസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കും.

കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെന്നത് അമിത് ഷായുടെ പകല്‍ കിനാവാണ്. ബിജെപിക്ക് അനുകൂലമായി വാര്‍ഡ് വിഭജനം നടത്തിയത് കൊണ്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം അവര്‍ക്ക് ലഭിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

പത്തുവര്‍ഷത്തെ പിണറായി ഭരണം ജനങ്ങളെ വെല്ലുവിളിച്ചാണ്. ഇത്രയും നാള്‍ ചെയ്യാതെ ഇപ്പോള്‍ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ആ തട്ടിപ്പ് ജനത്തില്‍ ബോധ്യപ്പെടും. നന്ദിഗ്രാമിലും സിംഗൂരിലും പാര്‍ട്ടി സഖാക്കളുടെ നെഞ്ചത്ത് ചവിട്ടി വികസനമെന്ന വ്യാജേന പരിഷ്‌ക്കാരവും നയവ്യതിയാനവും നടത്തിയപ്പോഴാണ് ബംഗാളില്‍ സിപിഎം തകര്‍ന്നത്. തുടര്‍ഭരണമാണ് അതിന് കാരണം. അവിടെ 34 വര്‍ഷം അധികാരത്തില്‍ ഉണ്ടായിരുന്ന സിപിഎമ്മിന് ഇന്ന് വെറും 4 ശതമാനം വോട്ട് മാത്രമാണുള്ളത്. അതേ സാഹചര്യമാണ് ഇപ്പോള്‍ അവരെ കേരളത്തിലും കാത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ വലിയ വികസനം ഒന്നും സംസ്ഥാനത്തുണ്ടായില്ല. ആരോഗ്യമന്ത്രിയുടെ ഭരണത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. പരിതാപകരമാണ് ആരോഗ്യമേഖലയുടെ സ്ഥിതി.വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കാശില്ലെങ്കിലും പി ആറിന് പൊടിക്കുന്നത് കോടികളാണെന്നും വേണുഗോപാല്‍ പറഞ്ഞു.