ബിജെപി പിന്തുണയുള്ള പുതിയ ക്രൈസ്തവ പാര്‍ട്ടി ഉടൻ; ബിജെപി ആസ്ഥാനത്തു സജീവ ചർച്ച


ബിജെപി പിന്തുണയുള്ള പുതിയ ക്രൈസ്തവ പാര്‍ട്ടി ഉടൻ ഉണ്ടാകുമെന്നു സൂചന. ഇതിന്റെ ഭാഗമായി ബി.ജെ.പി. ദേശീയ നേതൃത്വവുമായി അടുപ്പമുള്ള മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാർട്ടി രൂപവത്കരിക്കുന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ നേരിൽ കണ്ടു എന്നാണു ലഭിക്കുന്ന റിപ്പോർട്ട്.
കത്തോലിക്ക സഭയെ മാത്രമാണ് ഇപ്പോൾ ബി.ജെ.പി. നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിൽ കത്തോലിക്ക വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി ഭരണഘടനാപദവി വഹിക്കുന്ന രണ്ട് മലയാളി ബിജെപി നേതാക്കളും സഭാനേതൃത്വവുമായി ആശയവിനിമം നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്. ആർ.എസ്.എസ്. നേതാക്കളും കത്തോലിക്ക സഭയുമായി നിരന്തര സമ്പർക്കത്തിലാണ്. ആർ.എസ്.എസ്. ദേശീയ നേതാവ് ഇന്ദ്രേഷ്‌കുമാർ പലതവണ കേരളത്തിലെ സഭാതലവന്മാരുമായി ചർച്ച നടത്തിയിട്ടുണ്ട്.