ഗുജറാത്തിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാവാതെ കുടുംബം

single-img
8 May 2023

ഗുജറാത്തിലെ വൽസാദിലുള്ള ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന ബിജെപി നേതാവ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു. വാപ്പിയിലെ റാറ്റയിലെ ബിജെപി വൈസ് പ്രസിഡന്റ് ശൈലേഷ് പട്ടേലാണ് മരിച്ചത്. ബൈക്കിൽ എത്തിയ അക്രമികൾ ശൈലേഷിനു നേരെ വെടിയുതിർക്കുകയായിരുന്നു.

ഇയാൾക്ക് നേരെ തുടർച്ചയായി നാല് റൗണ്ട് വെടിയുതിർതത്തയാണ് റിപ്പോർട്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിന് പിന്നാലെ ശൈലേഷ് പട്ടേലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം വിസമ്മതിച്ചു. കുറ്റവാളികളായ പ്രതികളെ പിടികൂടി നീതി ലഭിക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചു.

ഒരു പകൽവെളിച്ചത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ യുപിയും ഗുജറാത്തും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കുമെന്ന് ബന്ധുക്കൾ ചോദിച്ചു. അതേസമയം, ബൈക്കിൽ നാല് പേർ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു.

ശൈലേഷ് പട്ടേലിന്റെ ഭാര്യ കാറിൽ എത്തിയപ്പോഴേക്കും വെടി വെയ്പ്പ് നടന്നിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവർ തടിച്ചുകൂടി ശൈലേഷ് പട്ടേലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.