കേരളത്തിൽ ബിജെപിക്ക് സ്വാധീനം ഇല്ല; റിപ്പോർട്ട് നൽകിയത് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ

single-img
7 September 2022

കേരളത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ല എന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി കേന്ദ്ര നേതിര്ത്വത്തെ അറിയിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ജയ സാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട ലോകസഭാ മണ്ഡലങ്ങളുടെ അവലോകനത്തിനിടെയാണ് കേരളത്തിന്റെ റിപ്പോർട്ട് ചർച്ചയായത്. ഇന്നലെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അമിത്ഷാ പരിശോധിച്ചത്.

തിരുവനന്തപുരം പത്തനംതിട്ട തൃശ്ശൂർ എന്നീ ലോകസഭാ മണ്ഡലങ്ങൾ ആണ് വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ടത് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ട് പ്രധാനമായും പറയുന്നത്. അതുപോലെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂല അന്തരീക്ഷം ഉണ്ട് എങ്കിലും കേരളത്തിലെ ബിജെപി നേതൃത്വം അതിൽ പൂർണ്ണമായും പരാജപ്പെട്ടു എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് വരൻ സന്നദ്ധരാണ് എങ്കിലും സംസ്ഥാന നേതൃത്വം അതിൽ വേണ്ട താല്പര്യം കാണിക്കുന്നില്ല എന്നും കേന്ദ്ര മന്ത്രിമാർ നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. തമിഴ്നാട്ടിലും തെലങ്കാനയിലും കേരളത്തിനേക്കാൾ പ്രതികൂല സാഹചര്യം ആണ് നിലനിൽക്കുന്നത് എങ്കിലും അവിടത്തെ ബിജെപി നേതൃത്വം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നും റിപ്പോർട്ട് എടുത്തു പറയുന്നു.