മലപ്പുറത്ത് സിറ്റിംഗ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; മങ്കടയിലും കാലടിയിലും എൽഡിഎഫ്

single-img
29 September 2026

മലപ്പുറം ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ അതാത് മുന്നണികൾ നിലനിർത്തി. ജില്ലയിൽ നാലിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മങ്കടയിലും കാലടിയിലും എൽഡിഎഫ് വിജയം ആവർത്തിച്ചപ്പോൾ വേങ്ങരയിലും താനാളൂരിലും യുഡിഎഫ് വിജയിച്ചു.

മങ്കടയിൽ യുഡിഎഫ്–വെൽഫെയർ പാർട്ടി സഖ്യത്തെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് വിജയം നേടിയത്. കാലടി പഞ്ചായത്തിലെ 12-ാം വാർഡ് വെറൂരിൽ സിപിഎം സ്ഥാനാർഥി അഭിലാഷ് വിജയിച്ചു. 341 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം വാർഡ് നിലനിർത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാലടിയിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

അതേസമയം, ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാർഡിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി. തുളസീധരനും യുഡിഎഫ് സ്ഥാനാർഥിയും 433 വോട്ടുകൾ വീതം നേടിയതിനെ തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്.

നേരത്തെ കോൺഗ്രസ് വിജയിച്ചിരുന്ന വാർഡാണിത്. വാർഡിൽ നിന്ന് വിജയിച്ച് മുനിസിപ്പാലിറ്റി അധ്യക്ഷനായിരുന്ന സുമേഷ് അച്യുതൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എംഎൽഎയായതിനെ തുടർന്നായിരുന്നു രാജി.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിന് നേട്ടമുണ്ടായി. അഞ്ചുതെങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബിജി മോളാണ് വിജയിച്ചത്. ഇതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ നഷ്ടമായി.