ഭരണഘടന ഭേദഗതി വേണം; ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടെ പരാമർശം വിവാദത്തിൽ

single-img
3 April 2024

രാജ്യത്ത് രണഘടന ഭേദഗതി വേണമെന്ന രാജസ്ഥാനിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്. പരാമർശത്തിനെതിരെ കോണ്‍ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കി സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺ​ഗ്രസ് പറയുന്നു. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണം. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതിയും ആവശ്യമാണ്. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു.