മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു; നിർണ്ണായകമായി പിണറായി വിജയന്റെ ഇടപെടൽ

single-img
29 May 2026

അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു നൽകി. പാർട്ടി അംഗത്വം പുതുക്കി നൽകണമെന്ന ആവശ്യവുമായി ബിനീഷ് നേരത്തെ നാല് തവണ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇത് പാർട്ടിയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. നേരത്തെ ഒരു കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ബിനീഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്.

വിവാദങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം തിരികെ നൽകുന്നതിൽ സി.പി.എം PB അംഗം പിണറായി വിജയന്റെ ഇടപെടൽ നിർണ്ണായകമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രത്യേക നിർദേശം നൽകുകയായിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബിനീഷിന്റെ അംഗത്വം ഔദ്യോഗികമായി പുതുക്കി നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

പാർട്ടിയിൽ ദീർഘകാലം നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് കാണിക്കേണ്ട പരിഗണന മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ. അംഗത്വം പുനഃസ്ഥാപിച്ചതോടെ ബിനീഷ് കോടിയേരി വീണ്ടും പാർട്ടി മുഖ്യധാരയിലേക്ക് സജീവമായി മടങ്ങിയെത്തുകയാണ്.