ഇനി മൂന്നാം പിണറായി സർക്കാർ വരും; ബിജെപി രക്ഷപ്പെടില്ല; എകെജി സെന്ററിലെത്തി ഭീമൻ രഘു

single-img
7 July 2023

ബിജെപിയിൽ നിന്നും വിട്ടുപോന്ന നടൻ ഭീമൻ രഘു ഇന്ന് എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും മന്ത്രിമാരായ വി. ശിവൻകുട്ടിയുമായും വി. അബ്ദുറഹ്മാനുമായും ചർച്ച നടത്തി. മന്ത്രിമാരുടെ സാന്നിധ്യത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമൻ രഘു മാധ്യമങ്ങളോട് പറഞ്ഞു.

ഭീമൻ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും ഉണ്ടായിരുന്നു. താൻ സിപിഎമ്മിൽ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് എന്നതാണെന്നു ഭീമൻ രഘു പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല.

സിപിഎമ്മിൽ എന്ത് റോൾ വഹിക്കണമെന്നുള്ള നിർദേശമൊന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ നൽകിയില്ല. ചുവന്ന ഷോൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.- ഭീമൻ രഘു പറഞ്ഞു.

ബിജെപിയിലായിരുന്നപ്പോൾ ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മിൽ ചേരാൻ ഇപ്പോഴാണ് സമയം വന്നു ചേർന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവർ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. “- ’ – അദ്ദേഹം വ്യക്തമാക്കി.