ഭാരത് ജോഡോ യാത്ര അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വോട്ട് കൂടുമെന്ന് ഉറപ്പാക്കി: കെസി വേണുഗോപാൽ

single-img
23 December 2022

ബിജെപിക്കെതിരായി രാജ്യത്തെ ജനങ്ങളുടെ ചിന്ത മാറുന്നതിനാല്‍ എന്ത് വില കൊടുത്തും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാര്‍ട്ടിയുടെ വോട്ട് കൂടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല എന്നും കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രസ്ഥാനം കെട്ടിപ്പടുക്കലാണ് ലക്ഷ്യമെന്നാണ് നേരത്തെ പ്രതികരിച്ചിരുന്നത്.

രാഹുലിന്റെ യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെസി വേണുഗോപാല്‍. ഇപ്പോൾ പ്രവര്‍ത്തകര്‍ മാത്രമല്ല, യാത്രയില്‍ ചേരാന്‍ സാധാരണ മനുഷ്യര്‍ വരെ മുന്നോട്ട് വരുന്നുണ്ട്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യം, ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വ്യാജ പ്രതിച്ഛായ തകര്‍ന്നുവെന്നുള്ളതാണ്. ജനങ്ങള്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയെ കാണുകയാണ്’, കെസി വേണുഗോപാല്‍ പറഞ്ഞു.

‘ജോഡോ യാത്രയുടെ സ്വാധീനം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിലും കാണാം. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങളുടെ വോട്ട് മെച്ചപ്പെടും. ഉദാഹരണമായി ആന്ധ്രപ്രദേശിലേക്ക് നോക്കൂ. അവിടെ ഞങ്ങള്‍ക്ക് മെച്ചപ്പെട്ട സംഘടനാ സംവിധാനമല്ല ഉള്ളത്. എന്നിട്ടും അവിടെ യാത്ര വന്‍വിജയമായിരുന്നു. ഇത് കാണിക്കുന്നത് രാജ്യത്തിന്റെ മനോഭാവം മാറുന്നുവെന്നാണ്.’, കെസി വേണുഗോപാല്‍ പറഞ്ഞു.