പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുരേഷ് ഗോപിയുടെ നായികയായി; സെറ്റിൽ ലഭിച്ച സമ്മാനം വെളിപ്പെടുത്തി ശ്രുതിക അർജുൻ

സുരേഷ് ഗോപിക്കൊപ്പം ‘സ്വപ്നം കൊണ്ടൊരു തുലാഭാരം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ശ്രുതിക അർജുൻ. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിക്കുമൊപ്പം സിനിമയിൽ അഭിനയിച്ച കാലത്തെ അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. തമിഴ് യൂട്യൂബ് ചാനലായ ‘ഫസ്റ്റ് എഡിഷന്’ നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ടപ്പോൾ താൻ ചെറിയ കുട്ടിയാണെന്ന് മനസിലാക്കിയ സുരേഷ് ഗോപി പഠിക്കുന്ന ക്ലാസിനെക്കുറിച്ച് ചോദിച്ചെന്നും പത്താം ക്ലാസിലാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടെന്നും ശ്രുതിക പറഞ്ഞു. അടുത്ത ദിവസം സെറ്റിലെത്തിയപ്പോൾ തനിക്ക് ഒരു സമ്മാനം നൽകിയെന്നും താരം ഓർത്തെടുത്തു.
പുതിയ സ്ഥലവും ഭാഷയും പരിചയമില്ലാത്ത സാഹചര്യത്തിൽ തനിക്ക് ആശ്വാസമാകാനാണ് സുരേഷ് ഗോപി സമ്മാനം നൽകിയതെന്നും ‘ടോമി ഗേൾ’ ബ്രാൻഡിന്റെ പെർഫ്യൂമായിരുന്നു അതെന്നും ശ്രുതിക വെളിപ്പെടുത്തി. നല്ല ഭാവി ആശംസിച്ചാണ് അദ്ദേഹം സമ്മാനം നൽകിയതെന്നും താരം പറഞ്ഞു.
അഭിമുഖത്തിനിടെ സുരേഷ് ഗോപി ഇപ്പോൾ കേന്ദ്രമന്ത്രിയാണെന്ന അവതാരകയുടെ ചോദ്യവും രസകരമായ നിമിഷങ്ങൾക്ക് വഴിവെച്ചു. ‘മന്ത്രിയോ, കേരളത്തിലോ?’ എന്നായിരുന്നു ശ്രുതികയുടെ അമ്പരന്നുള്ള പ്രതികരണം. തുടർന്ന് തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണെന്ന് അവതാരക വിശദീകരിച്ചു. ഇരുവരും തമ്മിലുള്ള ഈ സംഭാഷണവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.


