നവവധുവിനെ മർദ്ദിച്ച രാഹുൽ വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ

single-img
15 May 2024

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ അക്രമിച്ച നവവരൻ രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ വിവാഹം നിലനിൽക്കെയായിരുന്നു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്.

രാഹുലിനെതിരെ കഴിഞ്ഞ ദിവസം വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ പറഞ്ഞു. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു.