ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

single-img
28 March 2023

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അമൃത് പാല്‍ സിങ്, സിഖ് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടി.

കൂടാതെ പഞ്ചാബില്‍ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കണ്ടുകള്‍ക്കും വിലക്കുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടര്‍ കമല്‍ദീപ് സിങ്, പ്രോ പഞ്ചാബ് ടിവിയുടെ ബ്യുറോ ചീഫ് ഗഗന്‍ദീപ് സിങ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി സന്ദീപ് സിങ്, ജഗ്മീത് സിംഗ്, ലോക്‌സഭാ എംപി സിമ്രന്‍ജീത് സിംഗ് മാന്‍ തുടങ്ങിയവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, സിഖ് ഡയസ്‌പോറ കളക്ടീവ് തുടങ്ങിയ നിരവധി മനുഷ്യാവകാശ സംഘടനകള്‍ പഞ്ചാബിലെ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചതിനെതിരെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.പ്രതിഷേധം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് എസ്‌എംസ് ഉള്‍പ്പെടയുള്ള സേവനങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.