അടുത്ത മുഖ്യമന്ത്രി താൻ തന്നെ; ബിജെപിയെ വെട്ടിലാക്കി സ്വയം പ്രഖ്യാപനവുമായി ബസവരാജ്‌ ബൊമ്മെ

single-img
22 March 2023

കർണാടകയിൽ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി അടുത്ത മുഖ്യമന്ത്രി താൻ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് ബസവരാജ ബൊമ്മൈ. ബിജെപിയുടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിൽ ബൊമ്മൈ സ്വയം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് ഇതിനകം പാർട്ടിക്കകത്ത് ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കൻ കർണാടകയിലെ ബഗാൽകോട്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബൊമ്മൈ.സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സാമൂഹിക നീതി ഉറപ്പാക്കാൻ ആത്മാർഥമായാണ് താൻ പ്രവർത്തിച്ചതെന്നും അതിന്റെ ഫലമായി കഴിഞ്ഞ നാല് വർഷത്തിനിടെ പ്രതിശീർഷ വരുമാനത്തിൽ ഒരുലക്ഷം രൂപയുടെ വർധനയുണ്ടായെന്നും ബൊമ്മൈ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ: ”കർണാടകയിൽ ഞാൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തും. കർണാടകയെ സേവിക്കാൻ ദൈവം തന്ന അവസരമാണിത്. അത് ആത്മാർഥമായി ചെയ്തിട്ടുണ്ട് എന്നാൽ വിശ്വാസം. നാല് വർഷത്തെ ബി.ജെ.പി ഭരണം സംസ്ഥാനത്ത് വികസനം യാഥാർഥ്യമാക്കി. കോവിഡ് കാലത്തുപോലും മികച്ച സാമ്പത്തികസ്ഥിതിയാണ് നാട്ടിൽ ഉണ്ടായിട്ടുള്ളത്.”