കര്‍ണാടകയില്‍ റവന്യൂ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച്‌ ബസവരാജ് ബൊമ്മൈ

single-img
17 February 2023

ബംഗളൂരു: കര്‍ണാടകയില്‍ റവന്യൂ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനമുള്ള ബജറ്റാണ് റവന്യൂ സര്‍പ്ലസ് ബജറ്റ്. കൊവിഡ് കാലത്തെ പ്രതിസന്ധിയെ സംസ്ഥാനം മറികടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയുടെ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തില്‍ 20% കൂടി. കര്‍ഷകര്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. താങ്ങുവില നല്‍കാനായി ആകെ 3500 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് ഈ വര്‍ഷം മുതല്‍ 5 ലക്ഷം വരെ പലിശരഹിത വായ്പ നല്‍കും. കര്‍ഷകര്‍ക്കുള്ള നികുതി രഹിത ഡീസല്‍ വിതരണം 2 ലക്ഷം കിലോ ലിറ്ററായി ഉയര്‍ത്തി.

ഭൂസിരി എന്ന കര്‍ഷകക്ഷേമപദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതി – ജീവന്‍ ജ്യോതിക്കായി 150 കോടി വകയിരുത്തി. ഓരോ കര്‍ഷക ഉത്പാദകസംഘങ്ങള്‍ക്കും 10 ലക്ഷം വീതം നിക്ഷേപം സര്‍ക്കാര്‍ വക നല്‍കും. തൊഴിലുറപ്പ് പദ്ധതി വഴി ജല്‍നിധി എന്ന മഴക്കുഴി പദ്ധതി വിപുലപ്പെടുത്തും. കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാമനഗരയിലെ രാമദേവര ഹില്‍സിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്. 146 കോടി രൂപ ചെലവില്‍ ബെംഗളുരു നിംഹാന്‍സ് ക്യാമ്ബസില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ചെവിയില്‍ പൂ വച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയിലെത്തിയത്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്‌അദ്ദേഹം പറഞ്ഞു. ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം രംഗത്തെത്തി. ഭരണ- പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്ബത്തെ അവസാനത്തെ ബജറ്റാണ് ഇത്