ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ

single-img
11 June 2023

തുടർച്ചയായി രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി . ഇന്ത്യയെ 209 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഈ ജയത്തോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി മാറി. 444 റൺസ് എന്ന മാന്ത്രിക വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി.

മികച്ച ഫോമിലായിരുന്നു വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. അതേസമയം, ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. അധികം വൈകാതെ തന്നെ കോലിയെയും ജഡേജയും (0) ഒരു ഓവറിൽ പവലിയനിലെത്തിച്ച സ്കോട്ട് ബോളണ്ട് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടു.

86 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് കോലി മടങ്ങിയത്. താരത്തെ സ്ലിപ്പിൽ സ്റ്റീവ് സ്‌മിത്ത് തകർപ്പൻ ക്യാച്ചിലൂടെ മടക്കി അയക്കുകയായിരുന്നു. ജഡേജയെ അലക്സ് കാരി പിടികൂടി. പിന്നീട് ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. അജിങ്ക്യ രഹാനെയെ മിച്ചൽ സ്റ്റാർക്ക് അലക്സ് കാരിയുടെ കൈകളിലെത്തിച്ചപ്പോൾ ശാർദുൽ താക്കൂറിനെ (0) നതാൻ ലിയോൺ വിക്കറ്റിനു മുന്നിൽ കുരുക്കി. ഉമേഷ് യാദവ് (1) മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ കാരിയുടെ കൈകളിൽ അവസാനിച്ചു.

പിടിച്ചു ഇളക്കാൻ ശ്രമിച്ച ശ്രീകർ ഭരതിനെ നതാൻ ലിയോൺ സ്വന്തം ബൗളിംഗിൽ പിടികൂടി. 23 റൺസ് നേടിയാണ് ഭരത് പുറത്തായത്. സിറാജിനെ (1) കമ്മിൻസിൻ്റെ കൈകളിലെത്തിച്ച ലിയോൺ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മുഹമ്മദ് ഷമി (13) നോട്ടൗട്ടാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലക്‌സ് കാരിയാണ് ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു.