‘മുൻ കാമുകിയെയാണ് അതുലിന് ഇപ്പോഴും ഇഷ്ടം’;ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: മർദിച്ചിരുന്നെന്ന് ഭർത്താവിന്റെ കുറ്റസമ്മതം

ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശാരീരികമായി മർദിച്ചിരുന്നുവെന്ന് ഭർത്താവ് അതുൽ പൊലീസിനോട് കുറ്റസമ്മതം നടത്തി. അറസ്റ്റിലായ അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ശാരീരികവും മാനസികവുമായി കടുത്ത പീഡനമാണ് നേരിട്ടിരുന്നതെന്ന് ആരതി എഴുതിവെച്ച കുറിപ്പിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചിരുന്നുവെന്നും, പരമാവധി മുറിവുകൾ പുറത്തുകാണിക്കാതെയായിരുന്നു മർദനമെന്നും കുറിപ്പിൽ പറയുന്നു.തന്നെയല്ല, മുൻ കാമുകിയെയാണ് അതുലിന് ഇപ്പോഴും ഇഷ്ടമെന്നും ആരതി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹസമയത്ത് നൽകിയ സ്ത്രീധനത്തിന്റെ പേരിലും ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
“മരിക്കാൻ പേടിയുണ്ട്” എന്ന് ആരതി പറയുന്ന ശബ്ദസന്ദേശവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വർക്കല സ്വദേശിനിയായ ആരതിയെ കഴിഞ്ഞ ദിവസമാണ് ആറ്റുകാലിലെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു.ആരതിയുടെ ഡയറിയിൽ നിന്നു ലഭിച്ച കുറിപ്പുകളും മറ്റ് തെളിവുകളും കുടുംബത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.


