നടന്‍ ബാലയുടെ വീട്ടില്‍ ആക്രമണശ്രമം

single-img
14 January 2023

കൊച്ചി: നടന്‍ ബാലയുടെ വീട്ടില്‍ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവര്‍ വീട്ടിലെത്തിയത്. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറയുന്നു.

ബാലയുടെ അയല്‍ വീടുകളിലും ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു.

മറ്റു വീടുകളില്‍ നിന്ന് ഹെല്‍മെറ്റും സൈക്കിളുകളും ഉള്‍പ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേര്‍ത്തു. തലേദിവസവും ഇവര്‍ ബാലയുള്‍പ്പെടെ സുഹൃത്തുക്കള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്ബ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ ബാലയുടെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.