നിർമാണ പ്രവർത്തനങ്ങളിലെ സ്റ്റോപ്പ് മെമൊ; തിരുനാവായ കുംഭമേളയിൽ അനിശ്ചിതത്വം

single-img
16 January 2026

തിരുനാവായ കുംഭമേളയ്ക്ക് അനുമതി ലഭിക്കുന്നതിൽ അനാവശ്യ വൈകീപ്പുണ്ടെന്ന് സംഘാടകർ പരാതി ഉയർത്തി. ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇതുവരെ എഴുത്തുപരമായ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സംഘാടകൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അറിയിച്ചു.

വാചികമായി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് കുംഭമേളയുടെ സുഗമമായ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും സ്വാമി പറഞ്ഞു.

തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ചില അനുമതികൾ ആവശ്യമായിരുന്നുവെന്നും ഇതുസംബന്ധിച്ച് ജില്ലാ കലക്ടർമാർക്ക് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടപടികൾ ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിയതെന്ന് അറിയിച്ചെങ്കിലും, പിന്നീട് അനുമതി നൽകുമെന്നും തിരക്ക് കുറയുന്നതുവരെ കാത്തിരിക്കണമെന്നും കലക്ടറുടെ ഓഫിസ് അറിയിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു.

എന്നാൽ പിന്നീട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യജ്ഞശാല നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകിയതായും, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. നിലവിൽ സാഹചര്യം അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഘ സ്നാനം ഓരോ ഹിന്ദുവിന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും, മാഘം ആചാര്യന്മാർ നിർദേശിച്ച ക്രമത്തിൽ തന്നെ ആചാരങ്ങൾ നടക്കേണ്ടതുണ്ടെന്നും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് വ്യക്തമാക്കി.