മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ

single-img
17 March 2023

മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബെല്‍ഗാവിയിലെ ശിവജി മഹാരാജ് ഗാര്‍ഡനില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ്മ. ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകള്‍ നിര്‍മ്മിക്കുകയാണെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറയുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ എത്തുകയാണ്. അവര്‍ നമ്മുടെ നാഗരികതയേയും സംസ്കാരത്തേയും തകര്‍ക്കുന്നു. നമുക്ക് മദ്രസകളല്ല ആവശ്യം, നമുക്ക് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം. അതിനാല്‍ തന്നെ 600 മദ്രസകളുടെ പ്രവര്‍ത്തനം താന്‍ നിര്‍ത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യും. ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹിമന്ദ ബിശ്വ ശര്‍മ്മ ഇന്ത്യയുടെ ചരിത്രം മുഴുവന്‍ മുഗള്‍ ചക്രവര്‍ത്തിമാരെക്കുറിച്ചാണെന്ന് പാര്‍ട്ടി കാണിച്ചുതന്നതായും അത് “ഇന്നത്തെ പുതിയ മുഗളന്മാരെ” പ്രതിനിധീകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് ഡല്‍ഹി ഭരണാധികാരി ക്ഷേത്രങ്ങള്‍ പൊളിക്കുന്നതിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ പറയുന്നത് ക്ഷേത്രങ്ങള്‍ പണിയുന്നതിനെ കുറിച്ചാണ്. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുന്നു.-ഹിമന്ദ ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ റാലിയില്‍ നേരത്തേയും ഹിമന്ദ ബിശ്വ ശര്‍മ്മ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ ലണ്ടനിലെ പ്രസംഗം. നരേന്ദ്ര മോദി ഇവിടെയുള്ള കാലത്തോളം രാഹുലിന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്നും ഹിമന്ദ വിശ്വ ശര്‍മ്മ കര്‍ണാടകയില്‍ പറഞ്ഞു. കനകഗിരിയില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിശ്വ ശര്‍മ്മ.

ഇവിടെ നമുക്ക് ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരണം. നമുക്ക് ബാബരി മസ്ജിദല്ല ആവശ്യം. നമുക്ക് രാമജന്മഭൂമിയാണ്. രാഹുല്‍ ഗാന്ധി ലണ്ടനിലെ പ്രസംഗിത്തില്‍ രാജ്യത്തെ മോശമായി ചിത്രീകരിച്ചു. രാഹുലിനോട് പറയുകയാണ്, മോദി ഇവിടെ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല. -ഹിമന്ദ് വിശ്വ ശര്‍മ്മ പറഞ്ഞു