നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും സഹകരിക്കും; വാർത്താക്കുറിപ്പുമായി ഏഷ്യാനെറ്റ് ന്യൂസ്

single-img
5 March 2023

നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും തങ്ങൾ സഹകരിക്കുമെന്ന് വ്യാജ വാർത്താ സംപ്രേക്ഷണത്തിൽ അന്വേഷണം നേരിടുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താക്കുറിപ്പ്. ലഹരിമാഫിയക്കെതിരെ നടത്തിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോഴുള്ള അന്വേഷണമെന്നും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നുള്ള ആരോപണമാണ് എഫ് ഐ ആറിൽ ഉള്ളതെന്നും എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

മാത്രമല്ല, അന്വേഷണം പോലും തുടങ്ങും മുൻപ് ഓഫീസിനകത്തുകയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നാണ് ചാനൽ നിലപാടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് അഭിമുഖം നടത്തി വ്യാജ വാര്‍ത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസായിരുന്നു കേസെടുത്തത്

. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിൽ പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് ചാനൽ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണ രൂപം:

നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരന്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.

ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിൻമേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്.

അന്വേഷണം പോലും തുടങ്ങുന്നതിന് മുന്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു. സ്വതന്ത്ര്യമായ മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും.