രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അരവിന്ദ് കെജ്‌രിവാളിനും ക്ഷണം

single-img
15 January 2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. ആം ആദ്മി വൃത്തങ്ങളിൽ നിന്നാണ് കെജ്രിവാളിന് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. പക്ഷെ ആംആദ്മി പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ എഎപിയും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

നിലവിൽ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി.
ഇതിന്റെ ഭാഗമായി നാളെ ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും.

രാമായണത്തിൽ ഹനുമാൻ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം . കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി യുടെ രാമക്ഷേത്ര പ്രചരണത്തെ ഹനുമാനെ മുൻ നിർത്തിയാണ് ആം ആദ്മി പ്രതിരോധിച്ചത്.