ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു

single-img
6 January 2023

കൊച്ചി; ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്ബരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു.

87 വയസായിരുന്നു. ത്യക്കാക്കരയിലെ വസതിയിലായിരുന്നു അന്ത്യം.

1961 മുതലാണ് മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്ബര ആരംഭിക്കുന്നത്. ഇതിലെ നായക കഥാപാത്രമായിരുന്നു രാമു. തന്റെ ഉറ്റ സുഹൃത്തായ ശബരിനാഥിനെ തന്നെ അരവിന്ദന്‍ രാമു എന്ന കഥാപാത്രമാക്കുകയായിരുന്നു. കാര്‍ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും അരവിന്ദന്‍റെ സുഹ്യത്തുക്കളോ, പരിചയക്കാരോ ആയിരുന്നു. 13 വര്‍ഷമാണ് ഈ കാര്‍ട്ടൂണ്‍ പരമ്ബര പ്രസിദ്ധീകരിച്ചത്.

ശബരീനാഥ് ആദ്യ കാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച്‌ പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചിത്രകലയിലെ വാസനയാണ് ഇരുവരേയും അടുപ്പിച്ചത്. ഫാക്ടില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ശബരിനാഥ് പിന്നീട് ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി തുടരുകയായിരുന്നു.

കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമായ ശബരിനാഥ് തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിനു സമീപം സ്‌റ്റൈല്‍ എന്‍ക്ലേവ് ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ: സരോജം. മക്കള്‍: അമൃതാനായര്‍, ശ്യാം ശബരിനാഥ്, ആരതി അജിത് കുമാര്‍. മരുമക്കള്‍: ഹരികുമാര്‍, സിന്ധു, അജിത് കുമാര്‍. ശനിയാഴ്ച ഒമ്ബതുമുതല്‍ ഫ്‌ളാറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മൂന്നിന് കാക്കനാട് അത്താണി ശ്മശാനത്തില്‍ സംസ്‌കരിക്കും.