കേരളത്തിലെ മികച്ച റോഡുകളുടെ അംബാസഡറായി അരിക്കൊമ്പൻ മാറി: മന്ത്രി പി എ മുഹമ്മദ് റിയാസ്

single-img
8 June 2023

അരിക്കൊമ്പന്‍ സംസ്ഥാനത്തെ മികച്ച റോഡുകളുടെ അംബാസഡറായി മാറിയെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അരിക്കൊമ്പനെ പിടികൂടി ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞത്. ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി പൊളിഞ്ഞു പാളീസായി കിടന്ന റോഡാണ് ഈ വിധം വൃത്തിയായത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്റെ മെല്ലപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്.

വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. .അരുവിത്തുറ പളളി ജങ്ഷനില്‍ നിന്ന് ആഘോഷപൂര്‍വമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.