എന്റെ പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും: ആരിഫ് മുഹമ്മദ് ഖാന്

single-img
22 November 2022

രാജ്‌ഭവനിൽ20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്തായതിന് പിന്നാലെ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും എന്നും, അതിൽ നിയമ ലംഘനം ഉണ്ടോ എന്ന് മാത്രം പരിശോദിച്ചാൽ മതിയെന്നുമാണ് ഗവർണറുടെ പുതിയ നിലപാട്.

കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവർഷത്തിൽ താഴെ മാത്രം സേവനമുള്ള 20 പേരെയാണ്‌ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവർണർ കത്തയച്ചത്. കൂടാതെ രാജ്‌ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്‌കുമാർ പിയെ ദീർഘകാലത്തെ സേവനകാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്‌തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി ‘സൈഫർ അസിസ്റ്റന്റ്’ എന്ന തസ്‌തിക ഫോട്ടോഗ്രാഫർ തസ്‌തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണർ പ്രത്യേക താൽപ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ രാജ്ഭവനില്‍ കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായ കാലത്തല്ല എന്നും, ജീവനക്കാരുടെ കുറവു മൂലമാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും രാജ്ഭവന്‍ വിശദീകരണത്തില്‍ പറയുന്നു. പുതുതായി ഫോട്ടോഗ്രാഫര്‍ തസ്തിക രാജ്ഭവന്‍ സൃഷ്ടിച്ചിട്ടില്ല. നേരത്തെ സൈഫര്‍ അസിസ്റ്റന്റ് എന്ന പേരില്‍ നേരത്തെ ഒരു തസ്തിക ഉണ്ടായിരുന്നു എന്നും വിശദീകരണക്കുറിപ്പില്‍ രാജ്ഭവന്‍ പറയുന്നു.