ചെലവ് ചുരുക്കാൻ ബിബിസി; അറബിക് റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു

single-img
30 January 2023

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു . 85 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് സൗദി പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകീട്ട് നാലിന് അറബിക് റേഡിയോ പ്രക്ഷേപണം ബിബിസി ഔദ്യോഗികമായി അവസാനിപ്പിച്ചത്.

റേഡിയോ അവതാരകൻ മഹമൂദ് അൽമോസല്ലാമിയായിരുന്നു സർവീസ് അവസാനിപ്പിക്കുന്ന വാർത്ത അറിയിച്ചത്. ബിബിസിയുടെ അറബിക് വെബ്സൈറ്റും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളും പ്രവർത്തനം തുടരും. ഈ തീരുമാനത്തോടെ ബിബിസി വേൾഡ് സർവീസിൽ കുറഞ്ഞത് 382 പേർക്ക് ജോലി നഷ്‌ട‌പ്പെടും.

ബിബിസി എംപയർ സർവീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായി 1938 ജനുവരി മൂന്നിനാണ് ബിബിസി അറബിക് റേഡിയോ ആരംഭിച്ചത്. ലണ്ടനിൽ നിന്നും കെയ്‌റോയിൽ നിന്നുമായിരുന്നു പ്രക്ഷേപണം. ഈജിപ്‌തുകാരനായ പത്രപ്രവർത്തകൻ അഹമ്മദ് കമാൽ സരൂറായിരുന്നു ആദ്യ അവതാരകൻ.

വേൾഡ് സർവീസ് ചാനലുകളിലേക്കുള്ള ചെലവ് കുറക്കാനും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോകൾ അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ബിബിസി പ്രഖ്യാപിച്ചിരുന്നു.

ഓരോ വർഷവും 50 കോടി പൗണ്ട് ലാഭിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായി അറബി, പേർഷ്യൻ റേഡിയോ സ്‌റ്റേഷനുകൾ നിർത്തുമെന്നും ഇതുവഴി 2.85 കോടി പൗണ്ട് ലാഭിക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. ചൈനീസ്, ഹിന്ദി എന്നിവയുൾപ്പെടെ 10 ഭാഷകളിൽ റേഡിയോ പരിപാടികൾ നിർമ്മിക്കുന്നതും ബിബിസി നിർത്തും.