ബിസ്‌ലേരിക്ക് വീണ്ടും തിരിച്ചടി; ബംഗാളിലെ പ്ലാന്റിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, എഫ്എസ്എസ്എഐ നടപടി

single-img
28 November 2026

ബിസ്‌ലേരി കുപ്പിവെള്ളത്തിലെ ബാക്ടീരിയ സാന്നിധ്യം സംബന്ധിച്ച വിവാദം വീണ്ടും ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ ബിസ്‌ലേരി പ്ലാന്റിൽനിന്ന് ശേഖരിച്ച വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ കമ്പനിക്കെതിരെ രണ്ടാം തവണയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചു.

പി.ബി 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 2027 ജനുവരി 19 വരെയാണ് ഈ കുപ്പികളുടെ ഉപയോഗ കാലാവധി. ശാസ്ത്രീയ ലബോറട്ടറി പരിശോധനയിൽ വെള്ളം മലിനമാണെന്നും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്.

നേരത്തെ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്‌ലേരി പ്ലാന്റിൽനിന്ന് ശേഖരിച്ച വെള്ളത്തിലും മലിനീകരണം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പ്ലാന്റിൽനിന്നും സമാനമായ കണ്ടെത്തലുണ്ടായിരിക്കുന്നത്.

തുടർച്ചയായ പരിശോധനാഫലങ്ങൾ ഉപഭോക്താക്കളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കുപ്പിവെള്ള നിർമാണ പ്ലാന്റുകളിൽ പരിശോധന ശക്തമാക്കാനും എഫ്എസ്എസ്എഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.