പി സി ജോര്‍ജിന്റെ വീട്ടിലെത്തി അനില്‍ ആന്റണി; മധുരം കൈമാറി

single-img
4 March 2024

കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കി പ്രസ്താവനയിറക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി. പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പിന്തുണ നേടി.

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്. വീട്ടിലേക്ക് മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്. ‘നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്. ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനില്‍ ആന്റണിക്ക് വേണ്ടി ഞാന്‍ പോകേണ്ടിടത്ത് ഞാന്‍ പോകും,

അനിലിനുവേണ്ടി പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. ഇതിനോടകം പലരോടും സംസാരിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണം’ പി സി ജോര്‍ജ് പ്രതികരിച്ചു. ‘എന്നെ പ്രേമിക്കുന്ന ഒത്തിരി ആളുകളുണ്ട്. എന്ത് ചെയ്യാം. എൻ്റെ പ്രവർത്തനം നല്ലതായത് കൊണ്ടാണ് എനിക്ക് വേണ്ടി ചിലർ കരയുന്നത്. മറ്റൊരു മണ്ഡലത്തിൽ മൽസരിക്കാൻ താനില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.