സർക്കാരിനെ വിമർശിക്കാം; കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ല: പി കെ കുഞ്ഞാലിക്കുട്ടി

single-img
14 February 2023

സംസ്ഥാന സർക്കാരിനെ വിമർശിക്കാമെങ്കിലും കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ലെന്ന് മുസ് ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ എല്ലാ മേഖലയിലും മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.

നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കൊണ്ടും മികച്ച സംസ്ഥാനം കേരളമാണ്. അതുണ്ടാവാം ഒരുപക്ഷെ അമിത് ഷാ കേരളത്തെക്കുറിച്ച് മാതൃകയാക്കി പറഞ്ഞത്. കേരള സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ വച്ചും മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണ് കേരള ജനത.

എന്നാൽ, തികച്ചും നെഗറ്റീവായാണ് കേരളത്തെ അമിത് ഷാ ചൂണ്ടിക്കാണിച്ചതെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലയെന്നും അമിത്ഷായ്ക്ക് വേണമെങ്കിൽ കേരളസർക്കാരിനെ വിമർശിക്കാമെന്നും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ. ഇതോടൊപ്പം തന്നെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി പിൻവലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.