ആംബുലന്‍സിലെ ഡീസല്‍ തീര്‍ന്നു; റോഡരികില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

single-img
30 October 2022

റായ്പൂര്‍ : മധ്യപ്രദേശിലെ പന്ന ജില്ലയില്‍ വഴിയരികില്‍ പ്രസവിച്ച്‌ ആദിവാസി യുവതി. അടുത്തുള്ള ടൗണ്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയില്‍ ആംബുലന്‍സിലെ ഡീസല്‍ തീര്‍ന്നതോടെയാണ് യുവതിക്ക് റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നത്.

വെള്ളിയാഴ്ചയാണ് സംഭവം.

സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കരാര്‍ പ്രകാരം നടത്തുന്ന 108 ആംബുലന്‍സില്‍ ആണ് രേഷ്മ എന്ന ആദിവാസി സ്ത്രീയെ ഷാനഗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പാറ കല്ലുകള്‍ നിറഞ്ഞ നിലത്ത് തുണി ഷീറ്റില്‍ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സഹായിച്ചു. ആംബുലന്‍സ് അവരുടെ അടുത്ത് തന്നെ പാര്‍ക്ക് ചെയ്യുകയും ഡോര്‍ തുറന്ന് ലൈറ്റുകള്‍ തെളിയിക്കുകയും ചെയ്തു.

രാത്രിയായിരുന്നു യാത്ര. ഇരുട്ട് നിറഞ്ഞ പ്രദേശത്തുവച്ചാണ് വാഹനം ഇന്ധനം തീര്‍ന്ന് നിന്നത്. ഇന്ധനം തീര്‍ന്നെന്ന് വീട്ടുകാരെ അറിയിച്ചതോടെ ആരോഗ്യപ്രര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ റോഡരികില്‍ കിടത്തുകയും പ്രസവിക്കാന്‍ സഹായിക്കുകയുമായിരുന്നു.