ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഒരിക്കലും തിരിച്ചുവരില്ല; ഇറാനെതിരെ ട്രംപ്

single-img
7 April 2026

ഇന്ന് രാത്രി ഇറാനിനെ ഇല്ലാതാക്കുമെന്ന കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ “ട്രൂത് സോഷ്യലിലെ’, തന്റെ പേജിലാണ് അതീവ ഭീകരമായ പ്രസ്താവന ട്രംപ് പുറപ്പെടുവിച്ചത്. “ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കും…” എന്നാണ് ട്രംപ് കുറിച്ചത്.

ഇസ്രയേലുമായി ചേർന്ന് അമേരിക്ക നടത്തിയ ഇറാനെതിരായ കടന്നാക്രമണത്തിന്റെ മുനയൊടിഞ്ഞതും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും ആണ് ട്രംപിനെ പ്രധാനമായും ചൊടിപ്പിക്കുന്നത്. നേരത്തെ ഹോ‌ർമൂസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരങ്ങൾക്കായി പൂർണമായും തുറന്നു കൊടുക്കണം എന്ന ട്രംപിൻ്റെ ആവശ്യം ഇറാൻ തള്ളിയിരുന്നു.

ഇതിനെ തുടർന്ന് ഇറാനെ അവസാനിപ്പിക്കാൻ ഒരു ദിവസം മതിയെന്നും അത് നാളെയായിരിക്കുമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കുള്ളിൽ തുറക്കണമെന്നും ഇല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമായിരുന്നു ട്രംപിൻ്റെ അന്ത്യശാസനം. ആ സമയപരിധി അവസാനിക്കാറായതോടെയാണ് ട്രംപിന്റെ ഭീക്ഷണി.