അഞ്ജുശ്രീയുടെയുടെ മരണം; ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍

single-img
11 January 2023

അഞ്ജുശ്രീയുടെ മരണംഭക്ഷ്യ വിഷബാധ കാരണമാണ് എന്ന് ആരോപിച്ചു അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്.

അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. എന്നാല്‍ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിശദീകരണം.

ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രാചാരണം നടന്നത് എന്നും, സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച തിടുക്കത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.