മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർ ഗൺ കണ്ടെത്തി

single-img
30 September 2026

മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയതായാണ് വിവരം.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അശ്വന്ത് കോക്കിനെതിരെ കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലത്ത് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാർ ജീപ്പ് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയെന്നാണ് പരാതി. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് അശ്വന്തിനെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വാഹനത്തിൽ നിന്ന് എയർ ഗൺ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.