എഐ ക്യാമറ ശിവശങ്കറിന്റെ ബുദ്ധിയും കുഞ്ഞുമാണ്: രമേശ് ചെന്നിത്തല

single-img
29 April 2023

ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാനുള്ള എഐ ക്യാമറയുമായി ബന്ധപ്പെട്ട ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഇനി അറിയേണ്ടതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐആർടിക്ക് എന്തിനാണ് കരാർ കൊടുത്തത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.

ഇപ്പോഴും ഈ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനം ലജ്ജാകരമാണ്. താൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചെന്നിത്തലയുടെ വാക്കുകൾ: ‘ഈ ഭരണത്തിൽ ബിനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. അധികാരം മന്ത്രിസഭയിൽ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണ്,മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. ഐഎഎസുകാരെ നിയമിക്കുന്നതിനുളള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്.

അതായത്, സ്പ്രിംഗ്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണ്. എഐ ക്യാമറയും ശിവശങ്കറിന്റെ ബുദ്ധിയും കുഞ്ഞുമാണ്. അവതാരങ്ങളെ മുട്ടി സെക്രട്ടേറിയറ്റിന്റെ ഇടനാഴികയിൽ കൂടി നടക്കാനാകുന്നില്ല. അന്വേഷണം പ്രഹസനമാണ്. നേരത്തെ തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്.

ഇപ്പോൾ അവയെല്ലാം കാറ്റിൽപ്പറത്തി. സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തത്. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി”.