‘പ്രായം വെറുമൊരു നമ്പർ’; വിവാഹശേഷവും സ്ത്രീകൾ സ്വയം സ്നേഹിക്കണം: റോജ

single-img
28 September 2026

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും വിവാഹശേഷവും സ്ത്രീകൾ സ്വയം സ്നേഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യണമെന്നും നടി റോജ സെൽവമണി. ‘സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതാനുഭവങ്ങളും ഗർഭകാലത്തെ വിശേഷങ്ങളും പങ്കുവച്ചത്.

പ്രായത്തെക്കുറിച്ച് തനിക്ക് ഒരിക്കലും ആശങ്കയില്ലെന്ന് റോജ പറഞ്ഞു. പ്രായമായി എന്ന് കളിയാക്കുന്നവരോട് നൃത്തം ചെയ്തോ പാട്ടുപാടിയോ സംസാരിച്ചോ ആരാണ് യഥാർഥത്തിൽ പ്രായമായതെന്ന് തെളിയിക്കാൻ താൻ തയ്യാറാണെന്നും താരം പറഞ്ഞു. പ്രായത്തേക്കാൾ പ്രധാനപ്പെട്ടത് മനസ്സും എനർജിയുമാണെന്നും റോജ കൂട്ടിച്ചേർത്തു.

വിവാഹത്തിന് മുൻപ് പരസ്പരം ആകർഷിക്കാൻ ശ്രമിക്കുന്നവർ വിവാഹശേഷം അതിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും റോജ ചൂണ്ടിക്കാട്ടി. വിവാഹശേഷം ഒരുങ്ങുന്നതും നല്ല വസ്ത്രം ധരിക്കുന്നതും തെറ്റാണെന്ന് കരുതേണ്ടതില്ല. കണ്ണെഴുതി, പൊട്ടുതൊട്ട്, വൃത്തിയുള്ള വസ്ത്രം ധരിച്ച് സ്വയം സന്തോഷത്തോടെ ഇരിക്കുന്നതിൽ തെറ്റില്ലെന്നും അവർ പറഞ്ഞു.

ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ വിലകൂടിയ മേക്കപ്പിനേക്കാൾ പുഞ്ചിരിയോടെ ഒരു കപ്പ് കാപ്പി നൽകി സ്വീകരിക്കുന്നതിലാണ് സന്തോഷമെന്നും റോജ അഭിപ്രായപ്പെട്ടു. പണക്കാരനായാലും പാവപ്പെട്ടവനായാലും പരസ്പരം സന്തോഷത്തോടെ ജീവിക്കുകയാണ് പ്രധാനമെന്നും സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് താരം പറഞ്ഞു.

ഗർഭകാലത്ത് ഭർത്താവ് സെൽവമണിയോട് താൻ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നുവെന്നും റോജ തുറന്നുപറഞ്ഞു. ഷൂട്ടിങ് തിരക്കുകൾക്കിടയിലും താൻ വിളിക്കുമ്പോഴൊക്കെ അദ്ദേഹം ഓടിയെത്തുമായിരുന്നുവെന്നും താരം പറഞ്ഞു. ഗർഭകാലത്ത് ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തരത്തിലുള്ള ചിന്തകൾ സ്ത്രീകൾക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത്തരം സാഹചര്യങ്ങളിൽ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകണമെന്നും റോജ പറഞ്ഞു.

ഭാര്യയോ ഭർത്താവോ വിഷമഘട്ടത്തിലോ മാനസിക സമ്മർദത്തിലോ ആണെങ്കിൽ പരസ്പരം പിന്തുണയും ആശ്വാസവും നൽകണം. ‘നീ വിചാരിക്കുന്നത് ശരിയല്ല, ഞാൻ ഒപ്പമുണ്ട്’ എന്ന ആത്മവിശ്വാസം നൽകുന്നതിലൂടെ ദാമ്പത്യം കൂടുതൽ മനോഹരമാക്കാനാകുമെന്നും റോജ കൂട്ടിച്ചേർത്തു.