മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്ഷണം; രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി

single-img
8 October 2022

രാജസ്ഥാനില്‍ വലിയ തോതിൽ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് പ്രമുഖ വ്യവസായി ഗൗതം അദാനി. അദാനിയെ ക്ഷണിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് വന്നതിനെത്തുടർന്നാണ് ഈ തീരുമാനം. എന്നാൽ ഈ സമയം രാഹുൽ ഗാന്ധിയാവട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമർശനങ്ങളാണ് അദാനിക്കെതിരെ ഉയർത്തുന്നത്.

നിലവിൽ രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന ഏഴു വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നുംപ്രത്യക്ഷമായും പരോക്ഷമായും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും അദാനി പ്രഖ്യാപിച്ചു.

ഇതോടൊപ്പം ഒരു ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളേജും അദാനി രാജസ്ഥാന് വാഗ്ദാനം ചെയ്തു. ഇതിനോടകം രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും അദാനി പറഞ്ഞു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ പദ്ധതിക്ക് അനുമതി ലഭിക്കുന്നത് രാജസ്ഥാനിലാണെന്നും ഗൗതം അദാനി പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപക ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു ഗൗതം അദാനി.