2014ൽ അദാനിയുടെ സ്വത്ത്‌ 50,400 കോടി; 2022ൽ 11.44 ലക്ഷം കോടി; മോദിക്കൊപ്പം വളർന്ന അദാനി

single-img
28 January 2023

രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയും വ്യവസായത്തിൽ ഗൗതം അദാനിയും ഒന്നിച്ചാണ്‌ വളർന്നത്‌. 2002ലെ കലാപങ്ങൾ ഗുജറാത്തിന്‌ മങ്ങലേൽപ്പിച്ചപ്പോൾ പ്രാദേശിക വ്യവസായികളുടേതായ ലോബി രൂപീകരിച്ച്‌ മോദിയെ സഹായിക്കാൻ മുന്നിട്ടിറങ്ങി ആളാണ് അദാനി. 2003ൽ അദാനിയും സംഘവും മുൻകൈയെടുത്ത്‌ സംഘടിപ്പിച്ച ആഗോള നിക്ഷേപക സമ്മേളനം മോദിയുടെ ‘റീലോഞ്ചിങ്‌’ വേദികൂടിയായി. അതുവരെ ഗുജറാത്തിൽ മുന്ദ്ര തുറമുഖം മാത്രമായിരുന്നു അദാനിയുടെ പ്രധാന നേട്ടമെങ്കിൽ പിന്നീട്‌ കുതിച്ചുചാട്ടമായിരുന്നു.

2006ൽ ഇന്ത്യയിലെ 40 സമ്പന്നരുടെ ഫോബ്‌സ്‌ പട്ടികയിൽ പതിമൂന്നാമനായി. ആകെ സ്വത്ത്‌ 30,150 കോടി രൂപ. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ അദാനിയുടെ സ്വത്ത്‌ 50,400 കോടിയായിരുന്നു. 2019ൽ 1.1 ലക്ഷം കോടിയായും 2022ൽ 11.44 ലക്ഷം കോടിയായും കുതിച്ചു. 2014 മുതൽ സ്വത്തിൽ 23 മടങ്ങിന്റെ വർധന.

2020ൽ കോവിഡിന്‌ തൊട്ടുമുമ്പ്‌ 1.2 ലക്ഷം കോടിയായിരുന്ന സ്വത്താണ്‌ രണ്ടുവർഷംകൊണ്ട്‌ 10 മടങ്ങായത്‌. മഹാമാരി കോടിക്കണക്കിനു പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിട്ടപ്പോഴാണ്‌ ഈ വളർച്ച. ഹിൻഡൻബർഗിന്റെ പുറത്തുവന്നിട്ടുള്ള അന്വേഷണാത്മക റിപ്പോർട്ട്‌ മോദിയും അദാനിയുമായുള്ള ചങ്ങാത്ത മുതലാളിത്ത ബന്ധം തുറന്നുകാട്ടുന്നു. തുറമുഖം, വിമാനത്താവളം, ഊർജം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ എങ്ങനെയാണ്‌ സർക്കാർ സഹായത്തോടെ അദാനി സ്വാധീനം ഉറപ്പിക്കുന്നതെന്ന്‌ റിപ്പോർട്ട്‌ വിശദമാക്കുന്നു. മൗറീഷ്യസ്‌, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ തുടങ്ങുന്ന കടലാസുകമ്പനികൾ വഴി അദാനിയുടെ സ്ഥാപനങ്ങളിലേക്ക്‌ കള്ളപ്പണം ഒഴുകുന്നുവെന്ന കണ്ടെത്തലുമുണ്ട്‌. ഇഡി, ഐടി തുടങ്ങി പ്രതിപക്ഷ പാർടികളെ വേട്ടയാടാൻ കേന്ദ്രം ഉപയോഗിക്കുന്ന ഏജൻസികൾ അദാനിയുടെ തട്ടിപ്പുകൾ കണ്ടില്ലെന്ന്‌ നടിക്കുന്നതായും വെളിപ്പെടുത്തുന്നു.