അംബുജ സിമന്റിലെ 450 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിക്കാൻ അദാനി ഗ്രൂപ്പ്

single-img
13 March 2023

അദാനി ഗ്രൂപ്പ് മേധാവിയായ ഗൗതം അദാനി തങ്ങളുടെ അനുബന്ധ സ്ഥാപനമായ അംബുജ സിമൻ്റിലെ ഏകദേശം 450 മില്യൺ ഡോളർ വരെ മൂല്യമുള്ള ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മാർച്ച് 9ന് അംബുജ സിമന്റിലെ നാലോ അഞ്ചോ ശതമാനം ഓഹരികൾ വിൽക്കാൻ ആഗോള വായ്പാ ദാതാക്കളോട് ഗൗതം അദാനി അഭ്യർത്ഥന നടത്തിയാതാണ് വിവരം.

കമ്പനിയുമായി അടുത്ത വൃത്തത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് തങ്ങളുടെ റിപ്പോർട്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള മറ്റൊരാൾ അംബുജ സിമന്റ്‌സിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതിയെക്കുറിച്ച് എഫ്‌ടിയോട് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പങ്കിട്ടിട്ടില്ലെന്നാണ് വിവരം.

2022 ൽ 10.5 ബില്യൺ ഡോളറിനാണ് ഇന്ത്യയിലെ പ്രമുഖ സിമന്റ് വ്യവസായമായ അംബുജ സിമന്റിനെ അദാനി സ്വന്തമാക്കിയത്. നിലവിൽ അംബുജ സിമന്റിന്റെ 63 ശതമാനം ഓഹരികൾ അദാനിയ്ക്ക് സ്വന്തമാണ്. ഓഹരി വിൽപ്പനയുടെ കൂടുതൽ സ്ഥിരീകരണത്തിനായി മാധ്യമങ്ങൾ അദാനി ഗ്രൂപ്പിനെ സമീപിച്ചെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഓഹരി വിപണിയിൽ ഇന്നലെ (മാർച്ച് 10ന്) അംബുജ സിമന്റ്‌ ഓഹരികൾ 378 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ 1.6 ശതമാനം കുറവായിരുന്നു. നിലവിലെ വിപണി വിലയനുസരിച്ച്, കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികൾക്ക് ഏകദേശം 465 മില്യൺ ഡോളറായിരിക്കും മൂല്യം. ഏകദേശം 24 ബില്യൺ ഡോളറായ അദാനി ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റ ​​കടം കുറയ്ക്കുന്നതിനും കഴിഞ്ഞ മാസം ഓഹരി വിപണിയിൽ നേരിട്ട നഷ്ടത്തെ തുടർന്ന് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമാണ് ഓഹരി വിൽക്കാനൊരുങ്ങുന്നതെന്ന് എഫ്‌ടി റിപ്പോർട്ട് അവകാശപ്പെടുന്നു.