അദാനിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതല നൽകിയത് കോൺഗ്രസ്- ബിജെപി സർക്കാരുകൾ: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
1 September 2022

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമാണം നി‍ർത്തിവയ്ക്കണം എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . യുഡിഎഫ് മുന്നണിയും അതിനൊപ്പം ചേരുകയാണ്. അദാനിക്ക് തുറമുഖനിർമ്മാണ ചുമതല നൽകിയത് കോൺഗ്രസ്, ബിജെപി സർക്കാരുകളാണ്.

ആ സമയം സിപിഎം ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. പക്ഷെ ഇപ്പോൾ തുറമുഖ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറ‌ഞ്ഞു. ഇനിവരുന്ന നാല് വർഷം കൊണ്ട് എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് നൽകും.

ഇവർക്കായുള്ള ഫ്ലാറ്റ് നിർമാണം കഴിയും വരെ വാടക നൽകാമെന്നതാണ് സർക്കാർ നിലപാടെന്നും പദ്ധതിക്കെതിരായ പ്രതിഷേധത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.