അരുന്ധതി റോയിയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

single-img
1 September 2022

പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് മേരി റോയി ശ്രദ്ധേയയായത്.

1984 – കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിൻതുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 – വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി.
എന്നാൽ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. ഒടുവിൽ, 2002ൽ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്.

പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്‌ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.