പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നത് ; 22 ഒഴികെ ഏത് ദിവസവും അയോധ്യ സന്ദർശിക്കാം: കോൺ​ഗ്രസ്

single-img
12 January 2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും എന്ന നിലപാടിൽ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രം​ഗത്ത്. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദർശിക്കാമെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.

കോൺഗ്രസിൻ്റെ യു പി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. നിലവിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.

ക്ഷേത്ര നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.