ശബരിമല സ്വർണ്ണക്കവർച്ച കേസ്: സോണിയ ഗാന്ധിയുടെ ഫോട്ടോകൾ തിരിച്ചടിയായി; മറുപടിയില്ലാതെ കോൺഗ്രസ്

single-img
24 December 2025

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടിലേക്കാണ് നേതാക്കൾ നീങ്ങുന്നത്. കേസിലെ പ്രതികളായ ബെല്ലാരി ഗോവർദ്ധൻ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരോടൊപ്പം സോണിയ ഗാന്ധി ഉള്ളതായി പറയുന്ന ഫോട്ടോകൾ പുറത്തുവന്നതാണ് പാർട്ടിക്ക് വലിയ തിരിച്ചടിയായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയാണ്.

2014-ൽ യുഡിഎഫ് ഭരണകാലത്താണ് സ്വർണ്ണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നതെന്ന് ആരോപണം ഉയരുന്നത്. ഇതോടൊപ്പം, പോറ്റി രണ്ട് തവണ സോണിയ ഗാന്ധിയുടെ വസതിയിൽ സന്ദർശനം നടത്തിയതായും അവിടെ സ്വീകരണം ലഭിച്ചതായും പറയപ്പെടുന്നു. പോറ്റിയെ സോണിയ ഗാന്ധിയുമായി പരിചയപ്പെടുത്തിയത് ആന്റോ ആന്റണിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നതാണ് മറ്റൊരു വാദം.

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് പോലും അപൂർവമായി മാത്രം ലഭിക്കുന്ന സോണിയ ഗാന്ധിയുമായി ഇത്രയധികം കൂടിക്കാഴ്ചകൾ നടത്താൻ പോറ്റിക്ക് എങ്ങനെ സാധിച്ചുവെന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം. സോണിയ ഗാന്ധി ബെല്ലാരിയിൽ മത്സരിച്ച കാലത്ത്, ബെല്ലാരി ഗോവർദ്ധൻ അവിടുത്തെ സ്വർണ്ണ വ്യാപാരിയായിരുന്നു എന്നും, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ആരോപണങ്ങൾ ഉണ്ട്. അതുപോലെ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കേരളത്തിലെ കോൺഗ്രസിൽ അടൂർ പ്രകാശനുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഫോട്ടോകളും പ്രചരിക്കുന്നു.

ഇങ്ങനെ വിഷയം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകുന്ന നിലപാടിലാണ്. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരി ഗോവർദ്ധനും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് വിമർശനം. കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും നേതാക്കൾ മറുപടി നൽകാതെ മൗനം പാലിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ കോൺഗ്രസിന്റെ പങ്ക് കൂടുതൽ സംശയാസ്പദമാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.