ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു ആം ആദ്മി പാര്‍ട്ടി

single-img
4 November 2022

വരാൻ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകനും മുന്‍ ചാനല്‍ അവതാരകന്‍ ഇസുദാന്‍ ഗദ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ആണ് ഇസുദാന്‍ ഗദ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നിലവിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവിലെ അംഗവുമാണ് ഗാധ്വി. ഗുജറാത്തിലെ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
പാർട്ടി നടത്തിയ സർവേയിൽ 40 കാരനായ ഗാധ്വിക്ക് 73 ശതമാനം വോട്ട് ലഭിച്ചതായി കെജ്‌രിവാൾ പറഞ്ഞു. 15 ലക്ഷം പേരാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തത് എന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെട്ടത്.

പാട്ടിദാർ സമുദായ പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയ്‌ക്കെതിരെയാണ് ഗാധ്വി മത്സരിച്ചത്.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള 10 സ്ഥാനാർത്ഥികളുടെ ഒമ്പതാം പട്ടിക എഎപി വ്യാഴാഴ്ച പ്രഖ്യാപിച്ചു, ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 118 ആയി. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും എഎപിയും തമ്മിൽ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.