ദില്ലി എം സി ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു

single-img
22 February 2023

ദില്ലി എം സി ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു. എഎപി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിയാണ് ജയിച്ചത്.

സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണല്‍. മുന്‍പ് മൂന്ന് തവണ ആപ് ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.

ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ തര്‍ക്കം. ആം ആദ്മി പാര്‍ട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. നാമ നിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

മേയര്‍ തെരഞ്ഞെടുപ്പില്‍ 14 എംഎല്‍എമാരും 10 എംപിമാരും അടക്കം 274 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്ന. ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയാണ് മത്സരിച്ചത്.