വൈദികനെന്ന് ചമഞ്ഞ് ഹോട്ടല്‍വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

single-img
26 May 2023

വൈദികനെന്ന് ചമഞ്ഞ് ഹോട്ടല്‍വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍.

തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ അനില്‍ വി കൈമള്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ രണ്ടുപേര്‍ക്കായി അന്വേഷണം നടത്തുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ഹോട്ടല്‍ വ്യവസായി ബോസിനാണു പണം നഷ്ടമായത്. ഫാ. പോള്‍ (പോളച്ചൻ) എന്ന വ്യാജപ്പേരിലാണ് അനില്‍ ബോസിനെ ഫോണിലൂടെ പരിചയപ്പെട്ടത്. ചിത്തിരപുരം സ്വദേശിയാണെന്നാണ് പറഞ്ഞത്. വൈദികനെപ്പോലെ സംസാരിച്ച്‌ വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ മൂന്നാറില്‍ ഭൂമി കുറ‍ഞ്ഞ വിലയില്‍ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നും പറഞ്ഞു.

ചിത്തിരപുരത്തെത്തിയ വ്യവസായി അനിലിനെ ഫോണില്‍ വിളിച്ചു. തന്റെ സഹായിയായ കപ്യാര്‍ സ്ഥലത്തെത്തുമെന്നും പണമടങ്ങിയ ബാഗ് അയാളെ കാണിക്കണമെന്നും പണം കൈമാറരുതെന്നുമായിരുന്നു നിര്‍ദേശം. ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാര്‍ പണവുമായി കടന്നു. തുടര്‍ന്നാണു വ്യവസായി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയത്.മൈസൂരുവിന് സമീപം നഞ്ചൻകോടു നിന്നാണ് അനിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യില്‍ നിന്ന് ആറര ലക്ഷം രൂപ കണ്ടെടുത്തു.